ഗീതിക കേസ്: മുന്‍ മന്ത്രി അറസ്റ്റില്‍

Posted by:
Published: Saturday, August 18, 2012, 9:54 [IST]

Gopal Kanda, Geetika Sharma
ദില്ലി: എയര്‍ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഹരിയാന മുന്‍ മന്ത്രി ഗോപാല്‍ കാന്‍ഡയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 10 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന കാന്‍ഡ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ നാലുമണിയോടെ ഭരത് നഗര്‍ ഭരത് നഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ആഗസ്റ്റ് നാലിനാണ് ഗീതിക ശര്‍മ എന്ന 23കാരി ആത്മഹത്യ ചെയ്തത്. ദില്ലിയിലെ അശോക് വിഹാറിലെ വീട്ടില്‍ ഗീതികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗീതികയുടെ അപാര്‍ട്ട്‌മെന്റില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലാണ് മന്ത്രിയുടെ പേര് പരാമര്‍ശിച്ചിരുന്നത്. ആത്മഹത്യ കുറിപ്പില്‍ തന്റെ മരണത്തിനു ഉത്തരവാദികള്‍ ഗോപാല്‍ കാന്‍ഡയും, അരുണ ചദ്ദയും ആണെന്ന് ഗീതിക എഴുതിയിരുന്നു.

മന്ത്രിയും അരുണയും അവരുടെ വ്യക്തിപരമായ നേട്ടത്തിന് തന്നെ ഉപയോഗിച്ച ശേഷം വഞ്ചിച്ചു. ഇപ്പോള്‍ തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും ആത്മഹത്യാ കുറിപ്പില്‍ ഗീതിക വ്യക്തമാക്കിയിരുന്നു. ഇതെ തുടര്‍ന്ന് മന്ത്രിയ്‌ക്കെതിരെ ഐ. പി. സി 306 പ്രകാരം ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

ഇതിന് ശേഷം കാന്‍ഡ തന്റെ മന്ത്രി സ്ഥാനം രാജി വച്ചു. എം. ഡി. എല്‍. ആര്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ കൂടിയായിരുന്ന മന്ത്രി ഗീതികയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നു ഗീതികയുടെ കുടുംബം ആരോപിച്ചു. എം. ഡി. എല്‍. ആര്‍ സര്‍വീസ് നിര്‍ത്തിയതോടെ മന്ത്രി ഗീതികയ്ക്ക് മറ്റൊരു ജോലി വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ ജോലി സ്വീകരിക്കാന്‍ ഗീതിക തയ്യാറായില്ല. തുടര്‍ന്ന് ഗീതിക ദുബായിലെ എമിറേറ്റ്‌സില്‍ ജോലിക്ക് ചേര്‍ന്നു.

Story first published: Saturday, August 18, 2012, 09:54 [IST]
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS