പലായനം: കൂട്ട എസ്എംഎസുകള്‍ക്ക് നിരോധനം

Posted by:
Published: Friday, August 17, 2012, 15:54 [IST]

SMS
ദില്ലി‍: രാജ്യത്ത് കൂട്ട എസ്എംഎസുകളും എംഎംഎസുകളും അയക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി വിലക്കി. അഞ്ജാത എസ്എംഎസുകളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാങ്ങളിലെ വിദ്യാര്‍ഥികളും ജീവനക്കാരും കൂട്ട പാലായനം നടത്തുന്ന സാഹചര്യത്തിലാണിത്. പതിനഞ്ചു ദിവസത്തേയ്ക്കാണ് കൂട്ട എസ്എംഎസുകള്‍ക്കും എംഎംഎസുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അസമിലെ കലാപത്തിന് പകരം വീട്ടുമെന്ന തരത്തില്‍ വ്യാപകമായി എസ്എംഎസുകള്‍ പ്രചരിച്ചിരുന്നു. ഇതെ തുടര്‍ന്ന് ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് മൂന്നാം ദിനവും പലായനം തുടരുകയാണ്. നിര്‍മ്മാണത്തൊഴിലാളികള്‍ മുതല്‍ ഐടി രംഗത്തുള്ളവര്‍ വരെ തിരിച്ചുപോകുന്നവരിലുണ്ട്. നാട്ടില്‍ നിന്നും ആശങ്ക നിറഞ്ഞ വിളികള്‍ വന്നതോടെ വിദ്യാര്‍ഥികള്‍, കോള്‍സെന്റര്‍ ജീവനക്കാര്‍, സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍, ഹോട്ടല്‍ തൊഴിലാളികള്‍ എന്നിവരെല്ലാം നഗരംവിട്ടു.

അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ സ്വദേശത്തേക്ക് മടങ്ങേണ്ടതില്ലെന്ന്  ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. അഭ്യൂഹത്തിന്റെ ഉറവിടത്തെ കുറിച്ച് അറിയാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ചെന്നൈ, ബാംഗ്ലൂര്‍, മൈസൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാനാരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദില്‍ നിന്നും പലായനമാരംഭിച്ചു. ബംഗ്ലൂര്‍, ചെന്നൈ നഗരങ്ങളില്‍ ട്രെയിന്‍ കിട്ടാതെ ആയിരങ്ങളാണ് കാത്തിരിക്കുന്നത്. ബാംഗ്‌ളൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ തിരക്കാണ്. ബുധനാഴ്ച മാത്രം 4793 ടിക്കറ്റുകള്‍ അസം മേഖലയിലേക്ക് റിസര്‍വ്വ് ചെയ്യപ്പെട്ടു.

Story first published: Friday, August 17, 2012, 15:54 [IST]
Topics: assam sms ban bangalore muslim attack migration അസം ബാംഗ്ലൂര്‍ മുസ്ലീം ആക്രമണം പാലായനം
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS