കേസ് അന്വേഷണം സുതാര്യം: സാദിഖലി

Posted by:
Published: Friday, August 3, 2012, 13:15 [IST]

PM Sadiqali
മലപ്പുറം: ടിപി വധത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയത് സ്‌പെഷ്യല്‍ പോലിസ് ടീമാണ്. എന്നാല്‍ ശുക്കൂര്‍ വധത്തിലാവട്ടെ പ്രധാന തെളിവുകള്‍ കണ്ടെത്തിയത് ലോക്കല്‍ പോലിസ് തന്നെയാണ്. ബാഹ്യസമ്മര്‍ദ്ദമില്ലാതെ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയാല്‍ ശാസ്ത്രീയമായി കേസുകള്‍ തെളിയിക്കാന്‍ കഴിയുമെന്ന് കേരളപോലിസ് തെളിയിച്ചിരിക്കുകയാണ്.

ശരിയായ തെളിവുകളോടെ പി ജയരാജനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതുവഴി കേസ് അന്വേഷണത്തിലെ നീതി ബോധവും സുതാര്യതയുമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി പറഞ്ഞു.

ജയരാജനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവില്ലാതെയാണെന്ന വാദം ശരിയല്ല. ജയരാജനെ പോലെ ഉന്നതനായ ഒരു സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണമെന്നുറപ്പാണല്ലോ? നീതിപീഠത്തിന്റെ മുന്നില്‍ ആവശ്യമായ സാഹചര്യത്തില്‍ അത്തരം ശാസ്ത്രീയമായ തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കുകയും ചെയ്യും.

അത്തരം തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണല്ലോ പി ജയരാജനെ പോലൊരു നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നേതൃത്വം തയ്യാറായതും. പൊതു സമൂഹത്തിനു മുന്നില്‍ കൊലപാതക രാഷ്ട്രീയസംസ്‌കാരത്തോട് അത്രയധികം പ്രതിഷേധമാണുള്ളത്.

ചന്ദ്രശേഖരന്റെയും ശുക്കൂറിന്റെയും ഫസലിന്റെയും എല്ലാം ക്രൂരമായ കൊലപാതകങ്ങളിലൂടെ അത്തരമൊരു അവബോധമാണ് വളര്‍ന്നുവന്നിട്ടുള്ളത്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് ഇത്തരം പ്രതിഷേധങ്ങള്‍ ഉയരുന്നത്. ഈ വിധത്തിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ആരോഗ്യകരമായ രാഷ്ട്രീയസംസ്‌കാരം വളരുകയുള്ളൂ.

Story first published: Friday, August 03, 2012, 13:15 [IST]
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS