സത്യം പറഞ്ഞാല്‍ സി പി എം ഭയന്നുതുടങ്ങി

Written by: ഷിബു ടി
Updated: Friday, August 3, 2012, 11:59 [IST]

CPM
പി ജയരാജന്റെ അറസ്റ്റ് അപകടസൂചനയാണെന്ന് കണ്ടതോടെയാണ് സംസ്ഥാനം കണ്ട ഏറ്റവും കടുത്ത ഹര്‍ത്താലിന് സി പി എം ഇറങ്ങിത്തിരിച്ചത്. സി പി എമ്മിന്റെ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ അക്രമികള്‍ സംസ്ഥാനമൊട്ടാകെ വിളയാടുകയായിരുന്നു. മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷൂക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും റിമാന്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്ത സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചിലപ്പോള്‍ മറ്റ് ചില കൊലക്കേസുകളിലും കൂടി ഉള്‍പ്പെട്ട് എന്നേന്നേക്കുമായി ജയിലില്‍ അകപ്പെടുമോയെന്ന ഭയവും സി പി എമ്മിന്റെ സംസ്ഥാന തല നേതാക്കളിലേക്ക് നിയമത്തിന്റെ കുരുക്കുകള്‍ എത്തിത്തുടങ്ങിയെന്ന തിരിച്ചറിവുമാണ് സമചിത്തത നഷ്ടപ്പെട്ട രീതിയില്‍ പ്രതികരിക്കാന്‍ നേതാക്കളും അനുയായികളും ശ്രമിച്ചതിന് പിന്നിലുള്ള ഘടകം.

അപ്രതീക്ഷിതമായ ഹര്‍ത്താല്‍ ആഹ്വാനം സംസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയെന്ന് മാത്രമല്ല ഹര്‍ത്താലിനിടെ നടന്ന അക്രമസംഭവങ്ങളില്‍ കോടികളുടെ നഷ്ടവുമാണുണ്ടായിരിക്കുന്നത്. ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ ഭയത്തിലും പരിഭ്രാന്തിയില്‍ നിര്‍ത്തുകയും ജീവനും സ്വത്തിനും ഭിഷണി ഉയര്‍ത്തുകയും ചെയ്ത സി പി എം എന്ന രാഷ്ട്രീയ പാര്‍ട്ടി ജനദ്രോഹവും ദേശദ്രോഹവുമാണ് ഇപ്പോള്‍ നടത്തുന്നതെന്നതില്‍ സംശയമില്ല.

ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സി പി എം നടത്തിയ ഹര്‍ത്താലില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് തന്നെ ജീവന്‍ നഷ്ടപ്പെട്ടു. ഒരാള്‍ അക്രമത്തില്‍പ്പെട്ട് കൊല്ലപ്പെട്ടപ്പോള്‍ മറ്റൊരാള്‍ പാര്‍ട്ടി നടത്തിയ പ്രകടനത്തിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. സംസ്ഥാനത്തുടനീളം സര്‍ക്കാര്‍-സ്വകാര്യ വാഹനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടോതും മാധ്യമസ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ഓഫീസുകളും തകര്‍ക്കപ്പെട്ടു. കേരളത്തിലെമ്പാടും ഒരേയളവില്‍ സംഘര്‍ഷം അഴിച്ചുവിട്ട് ഭരണകൂടത്തെയും ജനങ്ങളെയും മാധ്യമങ്ങളെയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ സി പി എമ്മിന്റെ കേഡര്‍ സംവധാനത്തിന് കഴിഞ്ഞു.

ജനാധിപത്യത്തിന്റെ എല്ലാ അവകാശാധികാരങ്ങളും അധികാരങ്ങളും അനുഭവിച്ച് വളര്‍ന്ന് പന്തലിച്ച ഈ പാര്‍ട്ടി നാട്ടില്‍ നിലനില്‍ക്കുന്ന നിയമസംവിധാനത്തെ പുല്ലുപോലെ കണക്കാക്കിയാണ് തങ്ങളുടെ മസില്‍പവര്‍ പുറത്തെടുക്കുന്നത്. നിയമസംവിധാനം തങ്ങള്‍ക്കെതിരാകുമ്പോള്‍ അതിനെതിരെ കടുത്ത പ്രതിഷേധം അഴിച്ചുവിടുന്ന സി പി എമ്മിന്റെ നിലപാട് വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ ഒട്ടേറെ തവണ വെളിപ്പെട്ടിട്ടുണ്ട്.

ടി പി ചന്ദ്രശഖരന്‍ വധത്തില്‍ പൗരസമൂഹത്തിന്റെയും എതിര്‍പ്പും അരിയില്‍ ഷുക്കൂര്‍ വധത്തില്‍ മുസ്ലീം ലീഗിന്റെ കടുത്ത നിലപാടും സി പി എമ്മിനെ എക്കാലത്തെയും വലിയ സമ്മര്‍ദ്ദത്തില്‍പ്പെടുത്തിയിരുന്നു. ഈ രണ്ട് കേസുകളിലും മാധ്യമങ്ങളുടെ ഭാഗത്തുനിന്നും സി പി എമ്മിന് വലിയ തോതിലാണ് തിരിച്ചടിയുണ്ടായത്. തിരിച്ചടികളുണ്ടാകുമ്പോള്‍ പ്രകോപിതരാവുകയും തിരിഞ്ഞാക്രമിക്കുകയും ചെയ്യുകയെന്ന നയം തന്നെയാണ് ഇത്തവണയും സി പി എം സ്വീകരിച്ചിരിക്കുന്നത്.

അടുത്ത പേജില്‍

വേട്ടയാടുന്നത് ടിപിയുടെ പ്രേതം

Story first published: Friday, August 03, 2012, 11:42 [IST]
Topics: cpm tp chandrasekharan murder shukkur murder case muslim league മുസ്ലീം ലീഗ് സിപിഎം ഷുക്കൂര്‍ വധം ടിപി ചന്ദ്രശേഖരന്‍ കൊലപാതകം
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS