ലക്ഷ്മിഗോപാലസ്വാമിയും അവതാരക പദവിയിലേക്ക്

Posted by:
Updated: Thursday, August 16, 2012, 11:33 [IST]

ജീവന്‍ ടിവിയിലെ ഗോള്‍ഡന്‍ കപ്പിള്‍ എന്ന റിയാലിറ്റിഷോയിലാണ് ലക്ഷ്മി ഗോപാലസ്വാമി അവതാരികയുടെ പുതിയവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നവദമ്പതികളിലെ സ്വരചേര്‍ച്ചയും വ്യക്തിത്വ മികവും കലാപരമായ കഴിവും പുറത്തെടുക്കാനുള്ള അവസരമൊരുക്കിക്കൊണ്ട് നടക്കുന്ന റിയാലിറ്റിഷോ മിനി സ്‌ക്രീനില്‍ മാറി മാറി വരുന്ന ട്രെന്‍ഡുകളുടെ പുതിയ പതിപ്പാണ്.

മലയാളസിനിമ മുഖ്യധാരയിലെ നായികയായ ലക്ഷ്മിയും ഇതിന്റെ ഭാഗമാവുന്നത് സുരക്ഷിതമായ താവളമൊരുക്കുന്നതിന്റെ ഭാഗമായി തന്നെ. സമാനമായ പരിപാടികളുമായ് മറ്റു ചാനലുകളില്‍ ശ്വേതമേനോന്‍, രേവതി, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ജ്യോതിര്‍മയി, മുന്‍കാല നായിക വിധുബാല, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇവരെല്ലാം സജീവമാണ്.

തമിഴ് ഇന്‍ഡസ്ട്രിയിലെ രാധിക, സുഹാസിനി മിനി സ്‌ക്രീനില്‍ അവതാരികമാരായി പെര്‍ഫോം ചെയ്തുവരുന്നുണ്ട്. സെലിബ്രിറ്റിയായി നിറഞ്ഞുനില്‍ക്കുമ്പോള്‍ മാത്രമല്ല മുഖ്യധാരയില്‍ അവസരങ്ങള്‍ കുറയുമ്പോഴും മിനി സ്‌ക്രീന്‍ നല്‍കുന്ന കൂടുതല്‍ പരിഗണനകളാണ് ഇവരെ ആകര്‍ഷിക്കുന്നത്.

ഈയിടെയായി ലക്ഷ്മിഗോപാലസ്വാമിയുടെ പുതിയ പുതിയ അഭിപ്രായങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചിരുന്നു. അതിലൊന്ന് ലിവിംഗ്ടുഗതര്‍ പോളിസിയാണ്. രണ്ടാമത് ഗഌമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്ന നിലപാടും. അഭിനയവഴിയില്‍ ഏറെ കടുംപിടിത്തങ്ങളുണ്ടായ ലക്ഷ്മിയുടെ പുതിയ തിരിച്ചറിവുകള്‍ അത്ഭുതപ്പെടുത്തുന്നവിധത്തിലാണ്.

മലയാളം വൃത്തിയായും ഭംഗിയായും അവതരിപ്പിക്കാനും ലക്ഷ്മിക്ക് പെടാപ്പാട് പെടേണ്ടിവരും. മിനിസ്‌ക്രീന്‍ നല്‍കുന്ന ആദരവും പ്രതിഫലവും ഇവര്‍ക്ക് സിനിമയെക്കാള്‍ ഹിതകരമാണ്.ലോക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് ഓടിപിടഞ്ഞ് എത്തേണ്ടതില്ല ചൂടുംതണുപ്പും വെയിലുപൊടിയുമായ് അലയേണ്ടതില്ല.

സിനിമനേടിക്കൊടുത്ത പ്രശസ്തിയുടെ പരിലാളനയില്‍ മിനി സ്‌ക്രീനിന്റ ശീതീകരിച്ച ഫ്‌ളോറില്‍ നിറഞ്ഞുനിന്നാല്‍ മതി.സെലിബ്രിറ്റികള്‍ പലപ്പോഴും പരാജയമേറ്റുവാങ്ങാറുമുണ്ട് കൂടുതല്‍ വെല്ലുവിളികളുള്ള പരിപാടികളില്‍. സൂര്യ ടിവിയില്‍ മംമ്താ മോഹന്‍ദാസിന്റെ കൈയ്യില്‍ ഒരുകോടി പരിപാടി അത്തരത്തിലുള്ളതായിരുന്നു, വമ്പന്‍ പ്രതിഫലം പറ്റുന്ന സുരേഷ് ഗോപിയുടെ ഞാന്‍ കോടിശ്വരന്‍ പരിപാടി ഇപ്പോഴും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.ലക്ഷ്മിയുടെ പുതിയഊഴംകണ്ടുതന്നെ അറിയണം.

Story first published: Tuesday, August 14, 2012, 11:18 [IST]
Topics: lakshmi gopalaswamy jeevan tv actress ലക്ഷ്മി ഗോപാലസ്വാമി ചാനല്‍ ജീവന്‍ ടിവി നടി
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS