സിനിമ ചാനലുമായി ഫിലിം ചേംബറും?

Posted by:
Updated: Wednesday, August 1, 2012, 16:02 [IST]

Movie
മലയാളത്തിലെ പ്രമുഖ ചാനലുകളുടെ മത്സരത്തിലേക്ക് കടന്നുകയറാനാണ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും തയാറെടുക്കുന്നത്. സമ്പൂര്‍ണ സിനിമാ ചാനല്‍ തുടങ്ങാനുള്ള ആലോചനകള്‍ അവര്‍ കാര്യമായി തന്നെ നടത്തുകയാണത്രേ. വിവിധ സിനിമാ സംഘടനകളുടെ സഹകരണത്തോടെ ചാനല്‍ തുടങ്ങാനാണ് പ്ലാന്‍. ഇത് സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിയെന്നാണ് വിവരം.

ടെലിവിഷന്‍ ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷനുമായി ചേംബര്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുണ്ട്. അതിനുശേഷമായിരിക്കും മറ്റ് സിനിമാ സംഘടനകളുമായുള്ള ചര്‍ച്ചകള്‍. നിര്‍മാതാക്കള്‍ക്ക് പരമാവധി പ്രയോജനം ലഭിക്കുകയെന്ന ലക്ഷ്യമാണ് സ്വന്തം ചാനല്‍ എന്ന ആശയത്തിനു പിന്നിലെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി അനില്‍ തോമസ് പറഞ്ഞു. ചേംബറിലെ ചില അംഗങ്ങള്‍ തന്നെയാണ് നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്.

ഫിലിം ചേംബര്‍ ചാനല്‍ തുടങ്ങുകയാണെങ്കില്‍ സിനിമകളുടെ പ്രദര്‍ശനം അതിലൂടെ മാത്രമായിരിക്കുമെന്നാണ് അവര്‍ നല്‍കുന്ന സൂചന.
സെക്കന്‍ഡ് ഹാന്‍ഡ് വ്യവസ്ഥയിലായിരിക്കും പിന്നീട് സിനിമകള്‍ മറ്റു ചാനലുകള്‍ക്ക് ലഭിക്കുക. ഇതോടെ സാറ്റലൈറ്റ് അവകാശത്തിനുമേല്‍ ചേംബര്‍ ആധിപത്യമുറപ്പിക്കും. പുത്തന്‍ സിനിമകള്‍ വാങ്ങി ബിസിനസ്സ് കൊഴുപ്പിയ്ക്കുന്ന സിനിമാ ചാനലുകള്‍ക്ക് വലിയ തിരിച്ചടിയാവുമിത്.

നിലവില്‍ 99 വര്‍ഷത്തേക്കാണ് ചാനലുകള്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കുന്നത്. ഇത് ഇനി അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ചേംബര്‍. പരമാവധി 10 വര്‍ഷം വരെ മാത്രമേ അവകാശം നല്‍കാനാകൂ എന്നതാണ് അവരുടെ നിലപാട്. സാറ്റലൈറ്റ് അവകാശം വാങ്ങുന്നത് നിര്‍ത്തിയത് ചാനലുകളുടെ ഏകപക്ഷീയ തീരുമാനമായിരുന്നുവെന്നും ചേംബര്‍ ആരോപിക്കുന്നു. അതേസമയം വന്‍തുക നല്‍കി സിനിമകള്‍ വാങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ചാനലുകളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഈ നീക്കമെന്നും സൂചനകളുണ്ട്.
ആദ്യപേജില്‍
സിനിമാ -ചാനല്‍പ്പോര് മുറുകുന്നു

Story first published: Wednesday, August 01, 2012, 15:51 [IST]
Topics: film chamber channel innocent amma ഫിലിം ചേംബര്‍ ചാനല്‍ ഇന്നസെന്റ് അമ്മ
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS