സിനിമാ-ചാനല്‍പ്പോര് മുറുകുന്നു

Posted by:
Published: Wednesday, August 1, 2012, 16:00 [IST]

Movie strike
താരങ്ങളുടെ ചാനല്‍ഷോകള്‍ അവസാനിപ്പിയ്ക്കാന്‍ ഫിലിം ചേബര്‍ അന്ത്യശാസനം പുറപ്പെടുവിച്ചതോടെ ചലച്ചിത്രരംഗവും ചാനലുകളും തമ്മിലുള്ള പോര് ഒരിയ്ക്കല്‍ കൂടി ചൂടുപിടിയ്ക്കുന്നു. ഇനി മുതല്‍ ചാനലുകളില്‍ താരങ്ങളുടെ തല കണ്ടുപോകരുതെന്നൊരു ശാസനമാണ് ഫിലിം ചേംബര്‍ നല്‍കിയിരിക്കുന്നത്.

സിനിമയുടെ സംപ്രേഷണാവകാശ നിരക്ക് കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്ടു മാസമായി ചാനലുകള്‍ സിനിമ വാങ്ങല്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതിനുള്ള മറുപടിയെന്നോണമാണ് ചാനല്‍ഷോയില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന നാലുവര്‍ഷംമുമ്പെടുത്ത തീരുമാനം കര്‍ശനമാക്കാന്‍ ചേംബര്‍ തീരുമാനമെടുത്തത്.

നടീനടന്മാര്‍ ചാനല്‍ പരിപാടികളില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ചേംബര്‍ കത്ത് നല്‍കിയിരുന്നു. ഒറ്റയടിക്ക് എല്ലാം അവസാനിപ്പിച്ച് പിന്‍മാറാനാകില്ലെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ചേംബര്‍ നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ആഗസ്ത് 11ന് കൊച്ചിയില്‍ ചേംബറുമായി കൂടിക്കാഴ്ച നടത്താമെന്ന് അമ്മ സമ്മതിച്ചു.

സിനിമാതാരങ്ങള്‍ പങ്കെടുക്കുന്ന ചാനല്‍ഷോ വര്‍ധിച്ചതോടെ സിനിമാനിര്‍മാണം നഷ്ടത്തിലായെന്നാണ് ചേംബറിന്റെ പരാതി. ചാനലുകളില്‍ മുഖ്യസമയത്ത് താരങ്ങള്‍ പതിവായി പരിപാടി അവതരിപ്പിക്കുന്നതിനുപുറമെ വിവിധ ചാനല്‍ അവാര്‍ഡ്‌ഷോയില്‍ പങ്കെടുക്കുന്നതും സിനിമാവ്യവസായത്തെ ബാധിക്കുന്നുവെന്നും ചേംബര്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ പരിപാടികളും ഒറ്റയടിക്ക് നിറുത്തണമെന്ന് ചേംബര്‍ ആവശ്യപ്പെടുന്നില്ല. നിലവില്‍ നടക്കുന്നവയുടെ കരാര്‍ പുതുക്കരുത്. പുതിയ കരാറുകള്‍ ഉണ്ടാക്കാനും പാടില്ല. ടെലിവിഷന്‍ പരിപാടികളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരെ സിനിമകളില്‍ സഹകരിപ്പിക്കേണ്ടെന്നാണ് ചേംബര്‍ സംഘടനകളുടെ തീരുമാനം. 11നു ചേരുന്ന യോഗത്തില്‍ തീരുമാനം നടപ്പാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തും.

ചേംബറിന്റെ ആവശ്യത്തോട് എതിര്‍പ്പില്ല. സിനിമാക്കാരായി അറിയപ്പെടുന്നവരാണെങ്കിലും കുറേക്കാലമായി സിനിമയൊന്നുമില്ലാത്തവരുണ്ട്. ചേംബറുമായി 11നു നടക്കുന്ന ചര്‍ച്ചയില്‍ അവരുടെ കാര്യത്തില്‍ ഒഴിവ് ആവശ്യപ്പെടുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറയുന്നു.

ചാനലുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ മറ്റു ചില തന്ത്രങ്ങളും ഫിലിം ചേംബര്‍ ആവിഷ്‌ക്കരിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സിനിമ ചാനല്‍ തന്നെ തുടങ്ങാന്‍ അവര്‍ പദ്ധതിയിടുന്നുണ്ടത്രേ. അതെങ്ങാനും നടപ്പിലായാല്‍ ചാനലുകളുടെ അപ്രമാദിത്വം അവസാനിയ്ക്കുമെന്നുറപ്പാണ്.
അടുത്ത പേജില്‍
സിനിമ ചാനലുമായി ഫിലിം ചേംബറും

Story first published: Wednesday, August 01, 2012, 16:00 [IST]
Topics: film chamber channel innocent amma ഫിലിം ചേംബര്‍ ചാനല്‍ ഇന്നസെന്റ് അമ്മ
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS