സിനിമാക്കാര്‍ക്ക് മുന്നില്‍ ചാനലുകള്‍ കീഴടങ്ങി

Posted by:
Updated: Tuesday, August 7, 2012, 13:03 [IST]

സിനിമകള്‍ വാങ്ങില്ലെന്ന പ്രഖ്യാപനത്തില്‍ നിന്നും മലയാള ചാനലുകള്‍ പിന്‍വാങ്ങുന്നു. ഉപാധികളോടെ സിനിമാ സംപ്രേഷണാവകാശം (സാറ്റലൈറ്റ് റൈറ്റ്) വാങ്ങുന്നത് പുനഃരാരംഭിക്കുമെന്നാണ് മലയാളം ടെലിവിഷന്‍ ചാനലുകള്‍ അറിയിച്ചിരിയ്ക്കുന്നത്. സിനിമാ നിര്‍മാതാക്കളുടെ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ചാനലുകളുടെ പിന്മാറ്റം.

Malayalam  movies

ചാനല്‍ പരിപാടികളെ ബാധിക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്നും ചാനല്‍ സംഘടനാ പ്രതിനിധികള്‍ സിനിമാ നിര്‍മാതാക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സംപ്രേഷണാവകാശ വില്‍പ്പനയും താരങ്ങളുടെ ചാനല്‍ പരിപാടികളും സംബന്ധിച്ച തര്‍ക്കപരിഹാരത്തിന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും കേരള ടെലിവിഷന്‍ ഫെഡറേഷ (കെടിഎഫ്) ന്റെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണയുണ്ടായത്.

മലയാള സിനിമകളുടെ സംപ്രേഷണാവകാശ വില്‍പ്പനവില വന്‍തോതില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ചാനലുകള്‍ രണ്ടുമാസമായി വാങ്ങുന്നത് നിര്‍ത്തിയിരുന്നു. വിനോദ ചാനലുകള്‍ക്കിടയില്‍ സിനിമ വാങ്ങാനുള്ള മത്സരം മൂര്‍ഛിച്ചതാണ് വിലകയറാന്‍ കാരണം. ചാനലുകളുടെ പിന്മാറ്റം പല സിനിമാ സംരംഭങ്ങള്‍ക്കും പാരയായിരുന്നു.

ചാനലുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ താരങ്ങളുടെ ചാനല്‍ ഷോ വിലക്കി കേരള ഫിലിം ചേംബറിന്റെ പിന്തുണയോടെ നിര്‍മാതാക്കളുടെ സംഘടന രംഗത്തുവന്നു. ചാനല്‍പ്പരിപാടികള്‍ക്ക് സിനിമാ താരങ്ങളെ അനുവദിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയതാണ് ചാനലുകളെ സമ്മര്‍ദ്ദത്തിലാക്കിയത്. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും ജനപ്രിയ പരിപാടികള്‍ അവതരിപ്പിയ്ക്കുന്നത് സിനിമാതാരങ്ങളാണ്. ഇതിന് പുറമെ ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് ഷോകളിലും താരമാവുന്നത് നടീനടന്മാര്‍ തന്നെയാണ്. ഇത്തരം പരിപാടികള്‍ സിനിമയുടെ തിയറ്റര്‍ വരുമാനം കുറയ്ക്കുന്നു എന്നായിരുന്നു ന്യായം. ഇതോടെ ചാനലുകള്‍ വെട്ടിലായി. തുടര്‍ന്നാണ് ഇരു സംഘടനകളും ചര്‍ച്ചയ്ക്ക് തയ്യാറായത്.

എന്തായാലും നിര്‍മാതാക്കള്‍ക്ക് മുന്നില്‍് കീഴടങ്ങിയെങ്കിലും സിനിമകള്‍ വാങ്ങുന്ന രീതിയില്‍ ചില ഉപാധികള്‍ കൊണ്ടുവരാന്‍ ചാനലുകള്‍ ആലോചിയ്ക്കുന്നുണ്ട്. മൂന്നുകോടിയില്‍ കൂടുതല്‍ മുടക്കി സംപ്രേഷണാവകാശം വാങ്ങേണ്ടെന്ന തീരുമാനം നിലവിലുണ്ട്. ഇതു തുടരുന്നതോടൊപ്പം സിനിമയുടെ വില നിര്‍ണയിക്കുന്ന ഘടകങ്ങള്‍ സംബന്ധിച്ച് ഏകീകൃത ഫോര്‍മുലയുണ്ടാക്കും.

സിനിമയിലെ താരങ്ങളുടെയും സാങ്കേതിക കലാകാരന്മാരുടെയും മൂല്യം കണക്കിലെടുത്ത് നിര്‍ണയിക്കുന്ന വിലയില്‍ കൂടുതല്‍ നല്‍കാന്‍ പാടില്ലെന്ന ഉപാധിയും കൊണ്ടുവരും. ഏതെങ്കിലും സൂപ്പര്‍താരത്തെ ഉള്‍പ്പെടുത്തിയതുകൊണ്ടുമാത്രം വലിയ വില നല്‍കുന്ന രീതി അവസാനിപ്പിക്കും. സിനിമയുടെ മൊത്തം മികവുതന്നെയായിരിക്കും അതിന്റെ വില നിര്‍ണയിക്കുക.

ചാനലുകളുടെ അവാര്‍ഡ് നൈറ്റുകള്‍ തുടരുന്നതില്‍ കുഴപ്പമില്ലെന്ന് പ്രൊഡ്യൂസ്സേ് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ ഈ വേദിയില്‍ മുന്‍നിര താരങ്ങള്‍ പരിപാടി അവതരിപ്പിക്കുന്നത് അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Tuesday, August 07, 2012, 12:49 [IST]
Topics: channel malayala cinema film chamber ചാനല്‍ മലയാള സിനിമ ഫിലിം ചേംബര്‍
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS