നയന്‍സിനേയും പിന്തള്ളി ഭാവന ഓട്ടംതുടരുന്നു

Posted by:
Published: Thursday, June 7, 2012, 10:59 [IST]

Bhavana,
''നമ്മളി''ലെ കറുമ്പി പെണ്‍കുട്ടിയ്ക്ക് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. കോളിവുഡിനും ടോളിവുഡിനും പുറമേ ഇപ്പോള്‍ കന്നഡ സിനിമയിലും സജീവ സാന്നിധ്യമാകാനുള്ള തയ്യാറെടുപ്പിലാണ് നടി ഭാവന. സാന്‍ഡല്‍വുഡില്‍ നിന്ന് നടിയെ തേടിയെത്തിയിരിക്കുന്നതാകട്ടെ ഒരു വമ്പന്‍ ഓഫറും.

കന്നഡയിലെ സൂപ്പര്‍താരം സുദീപിനെ നായകനാക്കി ശശാങ്ക് സംവിധാനം ചെയ്യുന്ന ബച്ചന്‍ എന്ന ചിത്രത്തിലാണ് ഭാവന നായികയാവുന്നത്. ബച്ചനില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് നയന്‍താരയെയായിരുന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങള്‍ കൊണ്ട് നയന്‍സ് ചിത്രത്തില്‍ നിന്ന് പിന്‍മാറുകയും ആ സ്ഥാനത്തേയ്ക്ക് ഭാവന എത്തിപ്പെടുകയുമായിരുന്നു.

ഭാവനയ്ക്ക് പുറമെ പരുല്‍, ദീപ സുനിന്ദി എന്നിവരും ചിത്രത്തിലെ നായികമാരാണ്. അജിത്ത് ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഏറ്റതോടെയാണ് നയന്‍സ് ബച്ചനില്‍ നിന്ന് പിന്‍മാറിയതെന്ന് ശശാങ്ക് പറയുന്നു.

നേരത്തെ വിഷ്ണുവര്‍ദ്ധന എന്ന ചിത്രത്തില്‍ ഭാവനയും സുദീപും ഒന്നിച്ചിരുന്നു. ചിത്രം വന്‍വിജയം നേടിയതോടെ ഇവര്‍ മികച്ച ജോഡികളായും വിലയിരുത്തപ്പെട്ടു. ഇവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ നേരത്തെ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചതിനാല്‍ ഇത് ബച്ചന് ഗുണകരമാവുമെന്നും ശശാങ്ക് വ്യക്തമാക്കി.

ഏറെ കരുത്തുറ്റ ഒരു നായിക കഥാപാത്രത്തെയാണ് ചിത്രത്തില്‍ തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് ഭാവന പറയുന്നു. സെപ്തംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

അന്യഭാഷകളില്‍ തിരക്കേറുമ്പോഴും ഭാവന മലയാളത്തെ പൂര്‍ണ്ണമായി കൈവിടുന്നില്ല. ട്രിവാന്‍ഡ്രം ലോഡ്ജ്, ഒഴിമുറി എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രങ്ങള്‍.

Story first published: Thursday, June 07, 2012, 10:59 [IST]
Topics: bhavana, actress, malayali, kollywood, ഭാവന, നടി, മലയാളി, കോളിവുഡ്‌
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS