തെളിയുന്നത് അന്തിക്കാടിന്റെ സ്‌നേഹത്തിന്റെ പവിത്രത

Posted by:
Published: Monday, July 2, 2012, 13:02 [IST]

M Mohanan
സത്യന്‍ അന്തിക്കാടിന്റെ ശിഷ്യനായതുകൊണ്ടാണോ ബന്ധങ്ങളുടെ പവിത്രതയ്ക്ക് എല്ലാ ചിത്രത്തിലും പ്രാധാന്യം നല്‍കുന്നത്?

സഹോദരീ ഭര്‍ത്താവ് ശ്രീനിവാസനെ കണ്ടുകൊണ്ടാണ് ഞാനും സിനിമയെ ഇഷ്ടപ്പെടുന്നത്. ചെറുപ്പത്തില്‍ ശ്രീനിയേട്ടന്റെ സിനിമകാണുമ്പോള്‍ ഭയങ്കര ആവേശമായിരുന്നു. ശ്രീനിയേട്ടന്‍ വീട്ടില്‍ വരുമ്പോള്‍ ഞാന്‍ അധികവും സിനിമയെക്കുറിച്ചു സംസാരിക്കും. പിന്നീട് പഠനം കഴിഞ്ഞപ്പോള്‍ സിനിമ മതിയെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ശ്രീനിയേട്ടനാണ് സത്യന്‍ അന്തിക്കാടിനെ പരിചയപ്പെടുത്തി തരുന്നത്. അദ്ദേഹത്തിന്റെ കൂടെ നിരവധി സിനിമയില്‍ സഹകരിച്ചു. പിന്നീടാണ് സ്വന്തമായൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചത്.

വര്‍ഷങ്ങളോളം കാത്തുനിന്നിട്ടാണ് ശ്രീനിയേട്ടന്റെ തിരക്കഥ ലഭിക്കുന്നത്. അത് നിര്‍മിച്ചത് ശ്രീനിയേട്ടനും മുകേഷും ചേര്‍ന്നുള്ള ലൂമിയര്‍ ഫിലിംസ് എന്ന കമ്പനിയായിരുന്നു. ശ്രീനിയേട്ടനാണ് മമ്മൂക്കയോടെ ഇതിലെ അശോക് രാജിനെക്കുറിച്ചു പറയുന്നത്. അതു കേട്ടതും മമ്മൂക്ക അഭിനയിക്കാമെന്നേറ്റു. അങ്ങനെ തുടക്കം നന്നാക്കാന്‍ എനിക്കു സാധിച്ചു. വീണ്ടുമൊരു ചിത്രം ചെയ്യുമ്പോള്‍ സ്വന്തം തിരക്കഥ തന്നെ വേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ മാണിക്യക്കല്ല് പൂര്‍ത്തിയായി വരാന്‍ വര്‍ഷങ്ങളെടുത്തു. കഥ പറഞ്ഞതും പൃഥ്വിരാജ് ഇത് ഞാന്‍ തന്നെ ചെയ്യുമെന്നേറ്റു. വളരെ താല്‍പര്യത്തോടെയാണ് പൃഥ്വി ഈ ചിത്രമേല്‍ക്കുന്നത്.

കഥ പറയുമ്പോള്‍ സൗഹൃദത്തിന്റെ കഥയാണ്. മാണിക്ക്യക്കല്ല് സ്‌നേഹത്തിന്റെയും. ഈ രണ്ടു ചിത്രങ്ങളും നന്മയുടെ വിജയമാണ് ഞാന്‍ കാണിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ശിഷ്യനായതുകൊണ്ടായിരിക്കാം അങ്ങനെ ചെയ്യാന്‍ സാധിച്ചത്. കുടുംബത്തിലെ സ്‌നേഹവും സമാധാനവുമാണ് 916 എന്ന ചിത്രത്തിലൂടെ ഉദ്ദ്യേശിക്കുന്നത്. 916 പോലെ വെട്ടിത്തിളങ്ങണം ഓരോ കുടുംബബന്ധവും എന്ന സന്ദേശം പകരാനാണ് ശ്രമിക്കുന്നത്.

ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ കാലത്ത് കുടുംബബന്ധങ്ങളുടെ കഥയ്ക്ക് പ്രാധാന്യമുണ്ടാകുമോ?

മോഹനന്‍: കുടുംബബന്ധത്തിന് എന്നും ഇവിടെ പ്രാധാന്യമുണ്ട്. ബന്ധങ്ങളുടെ ശക്തി പറയുന്ന ചിത്രമേ എന്നും നിലനിന്നിട്ടുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം കഥയാണ് മുഖ്യം. എങ്ങനെ പറയുന്നുവെന്നത് രണ്ടാമതു വരുന്ന വിഷയമാണ്. സത്യന്‍ അന്തിക്കാടിന്റെയും ശ്രീനിയേട്ടന്റെയും കമലിന്റെയുമൊക്കെ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായത് ഈ പ്രമേയം കൈകാര്യം ചെയ്തതുകൊണ്ടാണ്.

916ലെ മറ്റു പ്രത്യേകതകള്‍?

മോഹനന്‍: ഇടവേളയ്ക്കു ശേഷം മീരാ വാസുദേവ് മലയാളത്തില്‍ തിരിച്ചെത്തുന്നു. മുകേഷിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത്. തമിഴിലെ മോണല്‍ എന്നുപേരുണ്ടായിരുന്ന നടി പാര്‍വ്വണ എന്ന പേരില്‍ മലയാളത്തില്‍ വീ്ണ്ടുമെത്തുകയാണ്. മുന്‍പ് ഫാന്റം പൈലിയില്‍ അഭിനയിച്ചിരുന്നു. മാളവിക എന്ന പുതിയ നടിയും അരങ്ങേറ്റം കുറിക്കുന്നു.
അനില്‍ പനച്ചൂരാന്‍, റഫീഖ് അഹമ്മദ്, രാജീവ് നായര്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ജയചന്ദ്രന്‍ ആണ് സംഗീതം. കെ.വി. വിജയകുമാര്‍ ആണ് നിര്‍മാതാവ്. സെപ്റ്റംബറില്‍ ചിത്രം തിയേറ്ററില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.

മുന്‍ പേജില്‍ വായിക്കുക
സ്‌നേഹത്തിന്റെ 916 പരിശുദ്ധിയുമായി മോഹനന്‍

Story first published: Monday, July 02, 2012, 13:02 [IST]
Topics: m mohanan asif ali anoop menon mukesh എം മോഹനന്‍ ആസിഫ് അലി അനൂപ് മേനോന്‍ മുകേഷ്
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS