മോള്‍ക്കൊപ്പം ഐശ്വര്യ ഫ്രാന്‍സിലേയ്ക്ക്

Posted by:
Published: Sunday, May 13, 2012, 8:29 [IST]

Aishwarya Rai,
ഫ്രാന്‍സിലെ കാനില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവെലില്‍ ഐശ്വര്യ റായിക്കൊപ്പം ഒരു വിശിഷ്ടാതിഥി കൂടിയുണ്ടാകും. മറ്റാരുമല്ല മകള്‍ ആരാധ്യ ബച്ചനാണ് അമ്മയ്‌ക്കൊപ്പം ഫ്രാന്‍സിലേയ്ക്ക് പറക്കുന്നത്. പ്രമുഖ സൗന്ദര്യ വര്‍ധക ഉത്പാദന നിര്‍മ്മാതാക്കളായ ലാ ഓറീലിനെ പ്രതിനിധീകരിച്ചാവും ഐശ്വര്യയും മകളും പങ്കെടുക്കുക.

മുപ്പത്തിയെട്ടുകാരിയായ ഐശ്വര്യ ഇതിനോടകം 11 തവണ കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടുണ്ട്. ഇതുവരേക്കും ഒറ്റയ്ക്കോ അഭിഷേകിനൊപ്പമോ ആണ് കാനില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ ഇത്തവണ കാനിലെ ചുവപ്പുപരവതാനിയിലൂടെ നടക്കുമ്പോള്‍ ഐശ്വര്യക്കൊപ്പം ആറു മാസം പ്രായമുള്ള തന്റെ കുഞ്ഞുമുണ്ടാവുമെന്നാണ് അറിയുന്നത്.

ഐശ്വര്യ കാനിലെ റെഡ് കാര്‍പ്പെറ്റിലുണ്ടാവുമെന്ന കാര്യം ലാ ഓറീലും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാനില്‍ വച്ചായിരുന്നു ഐശ്വര്യ ഹീറോയിന്‍ എന്ന ചിത്രത്തിന്റെ ലോഞ്ചിങ് നടത്തിയത്. എന്നാല്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ആഷ് ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയും കരീന ചിത്രത്തില്‍ നായികയാവുകയും ചെയ്തു.

അഭിഷേക് ഐശ്വര്യയ്‌ക്കൊപ്പം കാനില്‍ എത്തുമോ എന്ന കാര്യം അറിവായിട്ടില്ല. എന്നാല്‍ കുഞ്ഞില്ലാതെ താന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണത്രേ ഐശ്വര്യ.

മെയ് 16ന് ആരംഭിയ്ക്കുന്ന വിശ്വപ്രസിദ്ധമായ ചലച്ചിത്രമേളയില്‍ ഐശ്വര്യയ്ക്ക് പുറമേ അര്‍ജുന്‍ റാംപാല്‍, അനുരാഗ് കശ്യപ്, സോനം കപൂര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

Story first published: Sunday, May 13, 2012, 08:29 [IST]
Topics: aishwarya rai daughter france cinema ഐശ്വര്യ റായി മകള്‍ ഫ്രാന്‍സ് സിനിമ
പുതിയ വാര്‍ത്തകള്‍ക്ക് ഡൗണ്‍ലോഡ് Oneindia Malayalam App Android IOS